Thursday, August 22, 2019

പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം


പ്രളയ ദുരന്തത്തെ നേരിടാന്നാടുമുഴുവന്  ഒന്നിക്കണം

കേരളത്തിലെ വടക്കൻ ജില്ലകളെ  സാരമായി ബാധിച്ച പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം .കേരളത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതു പ്രകൃതിയില്‍ വരുത്താവുന്ന മാറ്റങ്ങളേയും അതിന്റെ തീവ്രതയേയും കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ സമീപനത്തെക്കുറിച്ച് നാം ഇനിയും ചിന്തിച്ചിട്ടില്ല. മലനിരകളും താഴ്‌വാരങ്ങളും തീരങ്ങളും സമതലങ്ങളും നദികളും തടാകങ്ങളും ഇടകലര്‍ന്ന കേരളത്തിന്റെ ഭൂപ്രകൃതിയെ കാലാവസ്ഥാമാറ്റങ്ങള്‍, പ്രത്യേകിച്ചു മഴക്കാലം ബാധിക്കുന്നത്  എങ്ങനെയെന്ന് പഠിക്കണം .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം .
ദുരിതാശ്വാസ പ്രവര്‍ത്തനം സ്വന്തം വരുമാന സ്രോതസ്സായി ആരും കാണരുത് . രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും പേരില്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കാറുണ്ട്. ആത്മാർത്ഥമായി  സേവനരംഗത്തിറങ്ങുന്ന സാമൂഹ്യ സംഘടനകേളേയും മതസംഘടനകളെയും അനുമോദിക്കുന്നു .ദുരന്തഭൂമിയിലേയ്ക്ക് വിനോദയാത്ര പോവുകയും ദുരന്തമുഖങ്ങളില്‍ച്ചെന്നുനിന്ന് സെല്‍ഫിയെടുക്കുകയും, അലക്കിത്തേച്ച കുപ്പായത്തില്‍ ചെളിപറ്റാതെനിന്ന് നോട്ടംകൊണ്ടുമാത്രം സേവനം നടത്തുകയും ചെയ്യുന്ന  രീതി അവസാനിപ്പിക്കണം . ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വരുന്നതും വന്നതുമായ ഉല്‍പ്പന്നങ്ങളും വഴിമാറ്റിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍  റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..ദുരിതാശ്വാസ  ഫണ്ട് വകമാറ്റുന്നത്  ശരിയല്ല
സഹജീവികളുടെ വേദനയറിയാനും ദുരന്തങ്ങളില്‍ കൈത്താങ്ങായി കൂടെനില്‍ക്കാനും മനസ്സുള്ളവര്‍ സേവനത്തിനിറങ്ങുന്നത് സര്‍ക്കാരിന്റെ ശാസനകൊണ്ടോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടോ അല്ല. അവര്‍ ശീലിച്ച സംസ്‌കാരത്തിന്റെ പ്രത്യേകതകൊണ്ടാണ്.  അവര്‍ അത് ചെയ്തുകൊണ്ടിരിക്കും. പലരുടേയും പ്രവര്‍ത്തനം പലതരത്തിലായിരിക്കാം. ശരീരംകൊണ്ടും പണംകൊണ്ടും ഉല്‍പ്പന്നങ്ങളായും വസ്ത്രങ്ങളായും അവരുടെ മനസ്സ് ദുരിതബാധിതരിലെത്തും. അവരുടെ മനസ്സും ശരീരവും തളര്‍ത്താതിരുന്നാല്‍ മതി. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ്, അത്തരം പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് നേരായ ദിശയിലേയ്ക്കെത്തിക്കാനുള്ള സന്‍മനസ്സും സംവിധാനവുമാണ് ഭരിക്കുന്നവര്‍ക്കുണ്ടാവേണ്ടത്.  ജാതിമതഭേദമന്യേ  സംഘടനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപെടുകയാണ് . മലങ്കര ഓർത്തഡോൿസ് സഭയുടെ എല്ലാ പള്ളികളിലെയും യുവജനപ്രസ്ഥാനങ്ങൾ ദുരിതശ്വാസ കേന്ദ്രങ്ങളിൽ  തുടർച്ചയായി സാഹായം എത്തിക്കുന്നുണ്ട് .ഹൈന്ദവ സംഘടനകളും  മുസ്‌ലിം സംഘടനകളും  മുന്നിൽ തന്നെയാണ് . ദുരിതബാധിതരെ  സഹായിക്കാൻ  കേരളം ഒന്നടങ്കം  ഒന്നിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment