കേരളത്തെ ആർക്കും തോൽപിക്കാനാവില്ല ,കടുത്ത പ്രതിസന്ധികളെ നാം തരണം ചെയ്യും. .
കലിതുള്ളിയെത്തിയ കൊടുംമഴയും കുത്തിയൊലിച്ച വെള്ളപ്പൊക്കവും വീശിയടിച്ച കാറ്റും കേരളത്തെ രണ്ടാം വർഷവും ദുരിതത്തിലാക്കി . ഏഴു ജില്ലയിൽ ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വെള്ളം കയറാതിരുന്ന താരതമ്യേന ഉയർന്ന പ്രദേശങ്ങളിലും ഇക്കുറി ദുരിതം വിതച്ചു .കേരളം അതീവ ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിന്റെ നീരാളിപ്പിടിയിലാണ്. അത് തിരിച്ചറിയാനും ഉള്ക്കൊള്ളാനും നമുക്ക്
കഴിഞ്ഞിട്ടില്ല . തൊണ്ണൂറില്പ്പരം പേരുടെ മരണം സ്ഥിരീകരിച്ച കവളപ്പാറയും പുത്തുമലയുമടക്കം എണ്പതിലേറെ ദുരന്തഭൂമികള് നല്കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്ഥ്യം കേരളീയ സമൂഹത്തിനും ഭരണകൂട സംവിധാനങ്ങള്ക്കും ഇനി അവഗണിക്കാനാവില്ല. മനുഷ്യന് പ്രകൃതിക്കുമേല് നടത്തുന്ന ക്രൂരമായ കയ്യേറ്റത്തെ ലാഭക്കൊതിയുടെ മാത്രം പേരില് ന്യായീകരിക്കുന്നവരുടെ വായടപ്പിക്കാന് കഴിഞ്ഞേ തീരൂ.
കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ മാറ്റമാണ് കാലാവസ്ഥയില് വരുത്തിവച്ചിരിക്കുന്നത്. വരുംകാലങ്ങളില് അത് തുടരുമെന്നാണ് സമീപകാല അനുഭവങ്ങള് പഠിപ്പിക്കുന്നത്. പ്രതികൂല പ്രകൃതിപ്രതിഭാസങ്ങളെ നേരിടാന് കരുതലോടെ തയാറെടുത്തേ മതിയാവൂ. മനുഷ്യനിര്മിത പാരിസ്ഥിതിക അസന്തുലിതാവസ്ഥകള് പരമാവധി പരിഹരിക്കുന്നതിന് ആസൂത്രിത ശ്രമം കൂടിയേ തീരൂ. മനുഷ്യജീവന് രക്ഷിക്കാനുള്ള എല്ലാത്തരം ദുരന്തപ്രതിരോധ പ്രവര്ത്തനങ്ങളും അതിനുള്ള തയാറെടുപ്പും അതിപ്രധാനമാണ്. എന്നാല്, ദുരന്തങ്ങളെ പ്രതിരോധിക്കാനും അവ ആവര്ത്തിക്കുന്നതു തടയാനുമുള്ള മുന്നൊരുക്കം
ദുരിതാശ്വാസത്തെക്കാള്
പ്രാധാന്യം അര്ഹിക്കുന്നു. അവിടെയാണ് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്കിയ വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സംഘം സമര്പ്പിച്ച റിപ്പോര്ട്ട് പ്രസക്തമാകുന്നത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേറെയും ഗാഡ്ഗില് സമിതി ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. പ്രകൃതിയെ പരിരക്ഷിച്ചുകൊണ്ടും പരിസ്ഥിതിയെ യഥാവിധി പരിപാലിച്ചുകൊണ്ടും മാത്രമേ നമുക്ക് നിലനില്പ്പുള്ളു. അതിന് നാം തയാറാവുന്നില്ലെങ്കില് നിലയ്ക്കാത്ത രോധനത്തിന്റെയും ഒടുങ്ങാത്ത ദുരന്തങ്ങളുടെയും ദിനങ്ങളിലേക്കാവും നമ്മുടെ മുന്നിലുണ്ടാകുക .ഇപ്പോൾ . കൊടുംമഴയുടെ കലി ജനതയുടെ നിലവിളിയായി മാറുന്നു. ഹൃദയം പിളർത്തുന്ന രംഗങ്ങളാണു പലയിടത്തും: നാം കണ്ടത് അപ്രതീക്ഷിത
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ, ഇപ്പോഴും കണ്ടെത്താനാവാതെ മണ്ണിനടിയിലുള്ളവർ, ഉറ്റവരും സകല സ്വത്തുക്കളും നഷ്ടപ്പെട്ടവർ,
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ലക്ഷക്കണക്കിനുപേർ...കവളപ്പാറയിലും പുത്തുമലയിലും ജീവിതങ്ങൾക്കും വീടുകൾക്കുമൊപ്പം മണ്ണിനടിയിൽ അമർന്നതിൽ ഏക്കർ കണക്കിനു കൃഷിഭൂമിയുമുണ്ട്.രണ്ടു ദിവസംകൊണ്ട് സംസ്ഥാനത്തെ എട്ടു ജില്ലകളിലായി എൺപതോളം ഉരുൾപൊട്ടലാണ് ഉണ്ടായത് .പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് ഉടുതുണിക്കു
മറുതുണിപോലുമില്ലാതെ ക്യാംപുകളിൽ എത്തുന്നവർ കുറച്ചൊന്നുമല്ല. ഒരുമയാണു
കേരളത്തിന്റെ അതിജീവനമന്ത്രം; ഒന്നുകൊണ്ടും തകർക്കാനാവാത്ത ഹൃദയബന്ധമാണ് മലയാളികൾക്ക് ഉള്ളത് . ദുരന്തത്തിനു
മുന്നിൽ തലകുനിക്കാതെ, സംയമനത്തോടെയും വിവേകത്തോടെയും നാം നിലയുറപ്പിക്കേണ്ട വേളയാണിത്.
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment