Sunday, July 7, 2024

കുരാക്കാരൻ കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും. സന്തോഷ്‌ ജേക്കബ്.

കുരാക്കാരൻ കുടുംബ ബന്ധങ്ങളുടെ
ആഴവും പരപ്പും.
സന്തോഷ്ജേക്കബ്.






കുറവിലങ്ങാട് വലിയവീട്ടിൽ കുടുംബാഗവും ദേവമാത കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ ജോർജ് ജോൺ നിധിരിയുടെ പുത്രൻ ശ്രി.ഇമ്മാനുവൽ നിധിരിയും കുരാക്കാരൻ വലിയവീട്ടിൽ കുടുംബാംഗം പിണറുവിളയിൽ ശ്രി. സന്തോഷ്ജേക്കബും കുറവിലങ്ങാട് വലിയ വീട്ടിൽ കണ്ടുമുട്ടിയപ്പോൾ.

ഇന്നലെ ജൂലൈ അഞ്ചാം തീയതി എനിക്ക് കൂത്താട്ടുകുളം വരെ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. തിരികെ കുറവിലങ്ങാട് ജംഗ്ഷനിൽ വന്ന് ഉച്ചഭക്ഷണം കഴിക്കുവാൻ ഇരിക്കുമ്പോൾ 1990 ഇൽ കുരാക്കാരൻ ജോൺ സാറും എന്റെ പിതാവ് പിണറുവിളയിൽ പിസി ജേക്കബ്, കണ്ണൻ കോട്ടുവിള കുഞ്ഞിപ്പിച്ചായൻ, പുളിമൂട്ടിൽ കുഞ്ഞുച്ചായൻ തുടങ്ങിയവർ കുറവിലങ്ങാട് പള്ളിയും കുറവിലങ്ങാട് വലിയവീടും സന്ദർശിച്ചത് ഓർമ്മ വന്നു.

കുറവിലങ്ങാട് വലിയവീട്ടിൽ കുടുംബാഗവും ദേവമാത കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ ജോർജ് ജോൺ നിധിരിയുടെ പുത്രൻ ശ്രി.ഇമ്മാനുവൽ നിധിരിയും കുരാക്കാരൻ വലിയവീട്ടിൽ കുടുംബാംഗം പിണറുവിളയിൽ ശ്രി. സന്തോഷ്ജേക്കബും കുറവിലങ്ങാട് വലിയ വീട്ടിൽ കണ്ടുമുട്ടിയപ്പോൾ.അവർകൾ നമ്മുടെ കുടുംബയോഗത്തിൽ മുഖ്യാതിഥിയായി സന്ദർശിച്ചതും ഒക്കെ എനിക്ക് ഓർമ്മ വന്നു.

ഭക്ഷണം കഴിഞ്ഞു പുറത്ത് ഇറങ്ങിയ ഞാൻ അടുത്ത് കണ്ട ഒരാളോട് നിധിരി സാറിനെ പറ്റി അന്വേഷിച്ചു. ചില വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മരിച്ചു പോയി എന്ന് എനിക്കറിയാമെങ്കിലും അദ്ദേഹത്തിന്റെ മക്കളെ പറ്റിയുള്ള ഏതെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്നറിയാനാണ് അന്വേഷിച്ചത്. അപരിചിതനായ മനുഷ്യൻ കുറച്ചു സമയം എന്നോടൊപ്പം ചെലവഴിക്കുകയും കുടുംബത്തെയും കുടുംബത്തിലെ അംഗങ്ങളെയും പറ്റി വിശദമായി പറഞ്ഞു. കുറവിലങ്ങാട് ദേശത്തുള്ള ഏറ്റവും വലിയ കുടുംബങ്ങൾ ആയിട്ടാണ് മറ്റത്തിൽ വലിയവീട്ടിൽ നിധിരിക്കൽ തുടങ്ങിയ കുടുംബങ്ങളെ പറ്റി പറഞ്ഞത്.

എന്നെ അവിടെ പിടിച്ചുനിർത്തുന്ന ഏതോ ഒരു ശക്തി ഉള്ളതായി എനിക്ക് തോന്നി. കുറവിലങ്ങാട് വലിയ പള്ളിയും നിഥിരീ സാറിന്റെ കല്ലറയും സന്ദർശിക്കണം എന്ന് ഒരു ഒരു ആഗ്രഹം തോന്നി. ഞാൻ നേരെ പള്ളിയിലേക്ക് പോയി

അവിടുത്തെ പ്രധാന വികാരിയെ കണ്ട് 320 ഓളം വർഷങ്ങൾക്കുമുമ്പ് ഇടവകയുടെ ഒരംഗം കൊട്ടാരക്കരയിൽ വന്ന് താമസിച്ചതിൽ തുടങ്ങി ഇന്നുവരെയുള്ള ഹൃസ്വമായ ഒരു ചരിത്രം അദ്ദേഹത്തോട് സംസാരിക്കുവാൻ അവസരം കിട്ടി. വലിയ ഒരു പള്ളി, അതിനോട് ചേർന്ന് രണ്ട് വലിയ സ്കൂളുകൾ ദേവമാത കോളേജ് ഇവയെല്ലാം അടങ്ങിയ ഒരു വലിയ പ്രസ്ഥാനമാണ് കുറവിലങ്ങാട് വലിയ പള്ളി. സാറിന്റെ കല്ലറയും അത് ഉള്ള ഉധാന ഭവനത്തിലേക്കുള്ള വഴിയും അച്ഛൻ പറഞ്ഞു തന്നു. കൂടെ സാറിന്റെ മകൻ ഇമ്മാനുവൽ നിധിരി അവർകളുടെ നമ്പരും കുറിച്ച് തന്നു.

നമ്മുടെ കുടുംബത്തിന്റെ ഒരു അടയാളം എന്നോണം ഒരു ചരിത്ര പുസ്തകത്തിന്റെ കോപ്പി ഞാൻ ദേവാലയത്തിലെ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.

വീണ്ടും വരണം എന്ന അദ്ദേഹത്തിന്റെ വത്സല്യപൂർവ്വമായ ക്ഷണവും സ്വീകരിച്ച് ഞാൻ നേരെ കല്ലറയിലേക്ക് പോയി. പോകുന്നതിനു മുമ്പ് അച
ച്ചൻ തിരിച്ചുവിളിച്ച് എന്നോട് പറഞ്ഞു നാളെ ഇമ്മാനുവൽ നിധിരിയുടെ മൂത്തമകളുടെ വിവാഹമാണ്. അതുകൊണ്ട് അവരൊക്കെ വലിയ തിരക്കിലായിരിക്കും അതുകൊണ്ട് ഇന്ന് കാണുവാൻ ശ്രമിക്കേണ്ട എന്നൊരു ഉപദേശവും തന്നു. അതുകൊണ്ട് അതിനു ശ്രമിക്കില്ല എന്നു പറഞ്ഞ് കല്ലറയിലേക്ക് പോയി

അവിടെ ചെന്ന് എനിക്ക് നിധീരി സാറിന്റെ കല്ലറ കണ്ടുപിടിക്കാൻ ആയില്ല. ( സത്യത്തിൽ ഞാൻ നിന്നത് കല്ലറയുടെ തൊട്ടു മുമ്പിലായിരുന്നു )
അവിടെനിന്ന് ഞാൻ ഇമ്മാനുവൽ നിധിരി സാറിനെ വിളിച്ച് കല്ലറ എവിടെയാണ് എന്ന് ചോദിച്ചു. അദ്ദേഹത്തോട് ഞാൻ ആരാണെന്നും 35 വർഷം മുമ്പ് അദ്ദേഹത്തിന്റെ പിതാവുമായി കുടുംബത്തിന് ഉണ്ടായ അടുപ്പവും ഇവിടം സന്ദർശിച്ച കാര്യവും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു.

കയ്യിൽ ബാക്കിയുണ്ടായിരുന്ന രണ്ടാമത്തെ പുസ്തകം ആരുടെയോ പ്രേരണയിൽ ഞാൻ കല്ലറയുടെ കാൽക്കൽ സമർപ്പിച്ചു. ( 1990 കളിൽ ഇവിടെ വന്ന നമ്മുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പിൽക്കാലത്ത് കുടുംബ ചരിത്രത്തിന്റെ ആദ്യ ലക്കത്തിന്റെ ഒരു പ്രതി അദ്ദേഹത്തിന് അയച്ചുകൊടുത്തതും എന്റെ ഓർമ്മയിൽ വന്നു)
അവിടെനിന്ന് വീണ്ടും ഞാൻ ഇമ്മാനുവൽ നിധീരിയെ വിളിച്ച് എനിക്ക് കാണുവാൻ ആഗ്രഹമുണ്ട് എന്ന കാര്യം സൂചിപ്പിച്ചു. തൊട്ടു പിറ്റേന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹമായതുകൊണ്ട് രണ്ട് മിനിറ്റിൽ കൂടുതൽ ഞാൻ അപഹരിക്കില്ല എന്ന് ഉറപ്പിച്ചും, ഒരു ക്ഷമാപണത്തോടും കൂടെയാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. പൂർണ്ണ സന്തോഷത്തോടെ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ വീട്ടിൽ ചെന്ന് കാര്യങ്ങൾ വിവരിക്കുകയും, തുടർന്നു അദ്ദേഹം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഏകദേശം ഒരു മണിക്കൂറിൽ അധികം എന്നോടൊപ്പം ചിലവഴിച്ചു. ഇടയ്ക്കിടെ പിറ്റേന്ന് മകളുടെ വിവാഹമാണല്ലോ സാറിന്റെ തിരക്കുകൾ നടക്കട്ടെ ഞാൻ ഇറങ്ങുന്നു എന്നു പറഞ്ഞിട്ടും, അദ്ദേഹം സ്നേഹബുദ്ധിയിൽ എന്നെ നിർബന്ധിച്ച് അവിടെ തിരുത്തുകയായിരുന്നു . മകളെയും ഭാര്യയെയും പരിചയപ്പെടുത്തി.

പിന്നീട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം കുറവിലങ്ങാട് വലിയ വീടിന്റെയും നിധീരി കുടുംബത്തിന്റെയും കുടുംബ ചരിത്രം വിവരിക്കുവാൻ തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് അദ്ദേഹം വളരെ വിശാലമായി അത് വിവരിച്ചു.

എനിക്ക് സ്വന്തം ഒരു സഹോദരന്റെ അടുത്ത് ഇരുന്ന് സംസാരിക്കുന്ന ഒരു പ്രതീതി ആയിരുന്നു. ഇടയ്ക്ക് ഭാര്യ കാപ്പിയും പലഹാരങ്ങളും കൊണ്ടു വച്ചു. അദ്ദേഹത്തിന്റെ സ്നേഹവായ്പ്പും പ്രതികരണങ്ങളും ഇടയ്ക്ക് എപ്പോഴൊക്കെയോ എന്നെ ഇമോഷണൽ ആക്കിയോ എന്ന് സംശയം.

വലിയ വീട് അത് കുറവിലങ്ങാട്ട് ആയാലും കൊട്ടാരക്കരയിൽ ആയാലും അതിന്റെ വേരുകൾ ആഴത്തിൽ മണ്ണിൽ ഉറച്ചതാണ് . അത് തെളിയിക്കുന്ന എല്ലാ ചരിത്രവും അദ്ദേഹം വിവരിച്ചു

തുടർന്ന് ഞാൻ എന്റെ കയ്യിലുള്ള രണ്ടാമത്തെ പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു.

എന്റെ തന്നെ നിർബന്ധത്തിൽ ഞാൻ അവിടെ നിന്ന് ഇറങ്ങുവാൻ തുടങ്ങുമ്പോൾ, അദ്ദേഹം അകത്തു പോയി അദ്ദേഹത്തിന്റെ പിതാവ് എഴുതിയ കുറവിലങ്ങാട് എന്ന ഒരു വലിയ പുസ്തകം കൊണ്ടുവന്നാൽ എനിക്ക് സമ്മാനിച്ചു. കാലങ്ങൾ എടുത്ത് അദ്ദേഹത്തിന്റെ പിതാവ് എഴുതിയ കുറവിലങ്ങാടിന്റെ ചരിത്രമായിരുന്നു അത്.

എന്നെ അവിടെ നിന്ന് യാത്രയാക്കുവാൻ ഗേറ്റിൽ വന്നു നിൽക്കുമ്പോഴും, ഞാൻ അവിടുന്ന് പോകുമ്പോഴും, റിയർവ്യൂ മിററിലൂടെ ഞാൻ നോക്കിയപ്പോൾ എന്റെയും രക്തത്തിന്റെ ഭാഗമായി ഒരു സഹോദരൻ നോക്കിനിപ്പുണ്ടായിരുന്നു.

യാത്രപറഞ്ഞ് പിരിയുമ്പോൾ, കൊട്ടാരക്കര കുരാക്കാരൻ കുടുംബ യോഗത്തിലെ അംഗങ്ങളെ അദ്ദേഹം അവിടേക്ക് വീണ്ടും ക്ഷണിച്ചു. 400 വർഷം പഴക്കമുള്ള കുറവിലങ്ങാട് വലിയവീട് സന്ദർശിക്കുവാനുള്ള ക്ഷണവും അദ്ദേഹം നൽകി. തീർച്ചയായും നമ്മൾ അവിടെ വീണ്ടും സന്ദർശിക്കും എന്ന് ഒരു ഉറപ്പോടുകൂടിയാണ് ഞാൻ തിരിച്ചുപോന്നത്

*
രക്തത്തിന് ജലത്തേക്കാൾ സാന്ദ്രതയുണ്ട്*


വാൽക്കഷണം : തിരുവനന്തപുരത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് ചില പഴ ചെടികൾ വാങ്ങുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് പോയത് . കാറിൽ കയറിയ ഞാൻ തിരിച്ചു കയറി കുടുംബ ചരിത്രത്തിന്റെ 2 പ്രതികൾ എടുത്ത് വണ്ടിയിൽ സൂക്ഷിച്ചത് എന്തിന് എന്നെനിക്കറിയില്ല. മാവേലിക്കര പോകുമ്പോൾ അഭിവന്ദ്യ ഇഗ്നാത്തിയസ് തിരുമേനിക്ക് കൊടുക്കാം എന്നാണ് മനസ്സിൽ കരുതിയത്.

കൂത്താട്ടുകുളത്ത് നിന്ന് കുറവിലങ്ങാട് വരെ വരുന്ന വഴിയിൽ മൂന്നോളം സ്ഥലത്തിൽ ഭക്ഷണത്തിനായി ഞാൻ വണ്ടി നിർത്തി. മൂന്നു സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാതെ ഞാൻ തിരിച്ച് വണ്ടിയിൽ കയറിയത് ആരുടെ പ്രേരണയിൽ ആയിരുന്നു എന്ന് എനിക്ക് അറിയില്ല

കുറവിലങ്ങാട് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ കണ്ട അപരിചിതൻ ആര് എന്നും എനിക്ക് അറിയില്ല

പള്ളിയിലേക്ക് പോകുമ്പോൾ അതിശക്തമായ കാലു വേദനയുണ്ടായിരുന്നു രണ്ട് കാലുകളുടെയും മസിലുകൾ പിടിച്ച ശക്തമായ വേദനയായിരുന്നു. എന്നിട്ടും ആരുടെ പ്രേരണയിലാണ് എനിക്ക് മുൻപോട്ട് നടക്കാൻ സാധിച്ചത് എന്നും എനിക്കറിയില്ല.
ഏകദേശം രണ്ടര മണിക്കൂറിൽ അധികം കുറവിലങ്ങാട് വലിയ വീട്ടിലും പള്ളിയിലും ആയി ഞാൻ ചെലവഴിച്ചു. പള്ളിയിലൂടെ നടക്കുമ്പോൾ, കാലുകളുടെ അതിശക്തമായ വേദന അവഗണിച്ച് മുന്നോട്ട് നടക്കുവാൻ ആരാണ് എന്നെ പ്രേരിപ്പിച്ചത് എന്നും എനിക്ക് അറിയില്ല. ( പള്ളി എന്നു പറയുന്നത് ഉത്ഥാന ഭവനം അടക്കം മൂന്നോളം ദേവാലയങ്ങൾ അതിനുള്ളിൽ തന്നെ ഉണ്ട്. കമ്പ്യൂട്ടർ സെന്ററും മ്യൂസിയവും അടക്കം അത് ഒരു വലിയ പ്രസ്ഥാനമാണ്)

ഏറ്റവും ഒടുവിലായി എന്നാൽ ഏറ്റവും പ്രാധാന്യത്തോടെ ഞാൻ ഓർക്കുന്നു,
കുറവിലങ്ങാട് വലിയ വീട്ടിലെ ഒരു പ്രധാന ദിവസമായ വിവാഹ ദിവസം എന്നെ ആരാണ് അവിടെയൊക്കെ പറഞ്ഞുവിട്ടത് എന്നും എനിക്ക് അറിയില്ല.


*
അതെ രക്തത്തിന് ജലത്തേക്കാൾ സാന്ദ്രത ഉണ്ട്. പൂർവ്വപിതാക്കന്മാരുടെ ആത്മാക്കൾ കുടുംബത്തിന് കാവലായി സദാ നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ആവശ്യമുള്ള കാര്യങ്ങൾ അവർ നമ്മിലൂടെ നിവർത്തിക്കുന്നു. കുടുംബയോഗത്തിന്റെ പ്രവർത്തനങ്ങളാണെങ്കിലും, പുസ്തക രചന ആണെങ്കിലും, കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ഏത് വിഷയം ആണെങ്കിലും*